എരുമേലി: പതിറ്റാണ്ടുകളായി കയ്യാലയും കുത്തുകല്ലും ചാടിക്കടന്ന് വീട്ടിലേക്ക് നടക്കുന്ന ഒമ്പത് കുടുംബങ്ങളുടെ ജീവിതാഭിലാഷത്തിന് ഇന്നലെ സാഫല്യം. മൂന്നടി വീതി മാത്രമുണ്ടായിരുന്ന ഇടുങ്ങിയ നടപ്പുവഴി ഇന്നലെ റോഡായി. തർക്കങ്ങളും കോടതിയിലെ കേസും തടസങ്ങളുമെല്ലാം പല തവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ രമ്യമായി തീർപ്പായതോടെയാണ് ഇടവഴി പൊളിച്ചു റോഡ് നിർമാണത്തിലേക്ക് എത്തിയത്.
എരുമേലി ചേനപ്പാടിയിൽ കിഴക്കേക്കര വാർഡിൽ ചെറുവള്ളി എസ്റ്റേറ്റ് അതിർത്തിയിൽ വട്ടകത്തറ ഭാഗത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങൾക്കാണ് റോഡ് നിർമാണം ആരംഭിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി ടി.പി. രാധാകൃഷ്ണൻ, വാർഡ് അംഗം ബിനു മൈക്കിൾ, തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ എന്നിവർക്ക് അകമഴിഞ്ഞ കൃതജ്ഞത പറയുന്നു കുടുംബങ്ങൾ.
കഴിഞ്ഞയിടെ 80 വയസുള്ള വയോധിക മരണപ്പെട്ടപ്പോൾ ഇതുവഴി ആളുകൾ എത്തിയതിന്റെ ദുരിതം അറിഞ്ഞ വൈദികൻ ഫാ. ഏബ്രഹാം കഴുന്നടിയിൽ ഇടുങ്ങിയ വഴി മാറ്റി റോഡ് നിർമിക്കുന്നതിന് പ്രദേശവാസികളുടെ കൂട്ടായ്മയ്ക്ക് അഭ്യർഥിച്ചിരുന്നു. ടി.പി. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നാളുകൾക്കു മുമ്പേ ഇതിനായി നടത്തിയ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു വൈദികന്റെ ഇടപെടൽ. വാർഡ് അംഗം ബിനു കൂടി ഇടപെട്ടതോടെ ചർച്ചകൾ പുരോഗമിച്ചു. ഇവിടെ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളിൽ ഉൾപ്പെട്ട മുൻ വാർഡ് അംഗം പി.കെ. തുളസിയും ചർച്ചകൾക്ക് നേതൃത്വം നൽകി.
ഒടുവിൽ റോഡ് നിർമാണത്തിന് ആവശ്യമായ എട്ട് സെന്റ് സ്ഥലം നാല് ലക്ഷം രൂപ വില നൽകി വാങ്ങിച്ചാണ് റോഡ് നിർമാണത്തിലേക്ക് എത്തിയത്. ഒമ്പത് കുടുംബങ്ങൾ ഇതിനായി പണം നൽകി. റോഡ് നിർമാണം ഇന്ന് പൂർത്തിയാകും.ചേനപ്പാടി കിഴക്കേക്കര വാർഡിൽ വട്ടകത്തറ ഭാഗത്തെ ഇടവഴി പൊളിച്ച് റോഡ് നിർമാണം ആരംഭിച്ചപ്പോൾ.